Pages

Translate

Search This Blog

Sep 27, 2021

soil amendments in Vidhyavanam

നിലം ഒരുക്കല്‍ പ്രവര്‍ത്തനങ്ങള്‍-മണ്ണിന്റെ ഫലഭൂയിഷ്‌ഠിയും സ്വഭാവഗുണങ്ങളും വര്‍ദ്ധിപ്പിക്കുന്ന ജൈവ വസ്‌തുക്കള്‍ ചേര്‍ക്കല്‍

പ്രകൃതിയും മണ്ണിന്റെ ഉറപ്പും ഫലഭൂയിഷ്‌ഠിയും അടിസ്ഥാനമാക്കി വേണം നിലം ഒരുക്കല്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനും മണ്ണില്‍ ചേര്‍ക്കേണ്ട ജൈവഘടകങ്ങളുടെ അളവ്‌ നിശ്ചയിക്കാനും. ജൈവാംശം നിറഞ്ഞ എക്കല്‍ മണ്ണിന്റെ സ്വഭാവ സവിശേഷതകളാണ്‌ തൈകളുടെ വേരുകളുടെ ത്വരിത വളര്‍ച്ചയ്‌ക്കും മണ്ണിലെ നനവ്‌ നിലനിര്‍ത്തുന്നതിനും ആവശ്യമായിട്ടുള്ളത്‌. ആയതിനാല്‍ നടുന്ന സ്ഥലം അഥവാ കുഴികളിലെ മണ്ണ്‌ അപ്രകാരം മാറ്റിയെടുക്കേണ്ടത്‌ പ്‌ളാന്റിംഗ്‌ സ്‌ട്രെസ്സിന്റെ ആഘാതം കുറക്കുന്നതിനും സസ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും അത്യാവശ്യമാണ്‌.


മണ്ണിന്റെ സ്വഭാവ സവിശേഷതകളറിയാന്‍ ലളിതമായ റിബണ്‍ ടെസ്റ്റ്‌ ചെയ്‌താല്‍ മതിയാകും. മണല്‍ നിറഞ്ഞ മണ്ണിലെ ജലാംശവും വളവും വളരെ വേഗം നഷ്‌ടപ്പെടുമെന്നതിനാല്‍ അത്‌ പരിഹരിക്കുന്നതിനും, ചെളി നിറഞ്ഞ പ്രദേശങ്ങളില്‍ മഴക്കാലത്ത്‌ വെള്ളം കെട്ടിനില്‍ക്കുന്നതിനും, വെയില്‍ മണ്ണ്‌ വരണ്ടുണങ്ങി വികസിച്ച്‌ വിണ്ടു കീറുമെന്നതിനല്‍ അവ പരിഹരിക്കുന്നതിനും, ഉറച്ച മണ്ണില്‍ വേരുകള്‍ ഓടാനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ റൂട്ട്‌ സോണിലെ മണ്ണ്‌ ഇളക്കുന്നതിനും അതിസാന്ദ്രതയില്‍ വളര്‍ത്തുന്ന തൈകള്‍ക്ക്‌ ആവശ്യമായ പോഷക ഘടകങ്ങള്‍ പ്രദാനം ചെയ്യേണ്ടതുണ്ട്‌.
  

1) മണ്ണിലെ ജലാംശം പിടിച്ചു നിര്‍ത്തുന്ന ജൈവവസ്‌തുക്കള്‍ (Moisture Retainers) ചേര്‍ക്കുക

 കേരളത്തിന്റെ കാലാവസ്ഥയില്‍ മിക്ക സ്ഥലത്തും 7-8 മാസത്തോളം മഴ ലഭ്യമാകുന്നതും 4-5 മാസം വല്ലപ്പോഴുമുണ്ടാകുന്ന ശക്തമല്ലാത്ത മഴയുള്ളതും കനത്ത വെയിലുള്ള വേനലുമാണ്‌ അനുഭവപ്പെടുന്നത്‌. അത്തരം കാലാവസ്ഥയില്‍ നടുന്ന സ്ഥലത്ത്‌ വെള്ളക്കെട്ടുണ്ടാകാതെയും മേല്‍ മണ്ണ്‌ അധികമായി ഉണങ്ങി വേരിന്‌ ആഘാതമുണ്ടാകാതെയും നോക്കേണ്ടത്‌ ആവശ്യമാണ്‌. ലഭ്യമാകുന്ന ജലം ഊര്‍ന്നിറങ്ങി നഷ്‌ടപ്പെട്ടാതെ ഒരു സ്‌പോഞ്ചുപോലെ ആഗിരണം ചെയ്‌ത്‌ നിലനിര്‍ത്തു ജൈവസ്‌തുക്കള്‍ മണ്ണില്‍ ചേര്‍ത്തിളക്കുന്നതിലൂടെ ജലാംശം സംരക്ഷിക്കാന്‍ കഴിയും.

   വെള്ളത്തിലിടുമ്പോള്‍ വലിപ്പം അധികം വ്യത്യാസപ്പെടാത്തതും എന്നാല്‍ സ്‌പോഞ്ചുപോലെ ധാരാളം ജലം ആഗിരണം ചെയ്‌ത്‌ പിടിച്ചുനിര്‍ത്തുന്നതും, എന്നാല്‍ മുകളില്‍ വെള്ളക്കെട്ടുണ്ടാക്കത്തതും, ചെടികളുടെ വളര്‍ച്ച മുരടിപ്പിക്കുന്ന ഹാനികരമായ രാസവസ്‌തുക്കള്‍ ഉണ്ടാക്കാത്തതും, നാരുകളുള്ളതും, പെട്ടെന്ന്‌ ദ്രവിച്ച്‌ നശിച്ചുപോകാത്തതുമായ ജൈവ പാഴ്‌വസ്‌തുക്കളാണ്‌ ഉപയോഗിക്കേണ്ടത്‌. കരിമ്പിന്‍ചണ്ടി, ദ്രവിച്ച കയര്‍പിത്ത്‌, ചകിരി, ചകിരിത്തൊണ്ട്‌, ചെതുക്കുപിടിച്ച മരക്കമ്പുകളും ചെറുതടികളും, ഉണങ്ങിയ ആഫ്രിക്കന്‍ പായല്‍, പോള, ചെറുതായി വെട്ടി അരിഞ്ഞ വാഴത്തണ്ട്‌, ഉണങ്ങിയ തൊണ്ട്‌ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. ഈ സ്വഭാവ സവിശേഷതകളുള്ള ചെലവ്‌ കുറഞ്ഞ പ്രാദേശികമായി ലഭ്യമായ ഏത്‌ ജൈവ പാഴ്‌ വസ്‌തുക്കളും ഇതിനായി ഉപയോഗിക്കാം.
    
        ഈ ജലാംശ സംരക്ഷണ ജൈവവസ്‌തുക്കള്‍ മണ്ണുമായി ചേര്‍ത്തിളക്കി തൈകളുടെ ഫീഡിംഗ്‌ സോണിനു താഴെ കുഴിയുടെ അടിയിലായി കൂടുതലായും ഇടുകയാണ്‌ നല്ലത്‌. മണ്ണിന്റെ അവസ്ഥ അനുസരിച്ച്‌ ചതുരശ്രമീറ്റര്‍ സ്ഥലത്ത്‌ 2 മുതല്‍ 8 ക്യു. അടി വരെ  ചേര്‍ക്കേണ്ടതാണ്‌.


2. ബള്‍ക്ക്‌ ഡെന്‍സിറ്റി കൂടുന്നതും മണ്ണിലെ സുഷിരത കൂട്ടി വായു സഞ്ചാരവും സസ്യങ്ങളുടെ വേരോട്ടവും കൂടുന്ന ജൈവ വസ്‌തുക്കള്‍ ചേര്‍ക്കുക.

ഇത്തരം വസ്‌തുക്കള്‍ ചെറിയതും, കനം കുറഞ്ഞതും, പെട്ടെന്ന്‌ ദ്രവിക്കാത്തതും ജലം അധികമായി ആഗിരം ചെയ്യാത്തതും ചൂടിന്റെയും ജലത്തിന്റെയും ഏറ്റക്കുറച്ചിലനുസരിചച്ച്‌ വികസം ഉണ്ടാകാത്തതും മണ്ണുമായി നല്ലവണ്ണം കലരുന്നതുമായിരിക്കണം. മണ്ണ്‌ കാലക്രമത്തില്‍ ഉറച്ചുപോതിരിക്കാനും, മേല്‍മണ്ണിലെ വേരുകള്‍ക്കും സൂക്ഷ്‌മ ജീവികള്‍ക്കും ആവശ്യമായ ഓക്‌സിജന്‍ നല്‍കാന്‍ സാധിക്കും വിധം മണ്ണിന്റെ സുഷിരത ഉറപ്പുവരുത്തുന്നതുമായിരിക്കണം.
       
ഉമി (rice husk) , കൊയര്‍ പിത്ത്‌ കമ്പോസ്റ്റ്‌, നല്ലവിധം ദ്രവിച്ച ചെറുനാരുകളടങ്ങിയ കയര്‍പിത്ത്‌, തീരെ ചെറുതായി അരിഞ്ഞ വൈക്കോല്‍, മണല്‍ എന്നിവയിലെന്തും ഇതിനായി ഉപയോഗിക്കാവുന്നതാണ്‌.


3. ജൈവ വളങ്ങള്‍ ഉപയോഗിച്ച്‌ മണ്ണ്‌ ഫല ഭൂയിഷ്‌ഠമാക്കല്‍

അതിസാന്ദ്രതയിലാണ്‌ വൃക്ഷങ്ങളും കുറ്റിച്ചെടികളും വളര്‍ത്തേണ്ടുന്നതിനാല്‍ നടുന്ന സ്ഥലത്ത്‌ നിലവിലുള്ള വളക്കൂറനുസരിച്ച്‌ ദീര്‍ഘകാലം നിലനില്‍ക്കുന്ന രീതിയില്‍ ജൈവവളങ്ങള്‍ കൂടുതലായി മണ്ണില്‍ ചേര്‍ത്തുകൊടുക്കേണ്ടത്‌ അത്യാവശ്യമാണ്‌. ചിലവു കുറഞ്ഞതും പ്രാദേശികമായി ലഭ്യമാകുന്നതുമായ ജൈവവളങ്ങള്‍ ഇതിനായി ഉപയോഗിക്കാം. പലതരത്തിലുള്ള ജൈവവളങ്ങള്‍ കൂട്ടി കലര്‍ത്തി ഉപയോഗിക്കാവുന്നതാണ്‌. തൈകളുടെ ഫീഡിംഗ്‌ സോണില്‍ 45-50 സെ.മീ ആഴത്തില്‍ വരെ ഇവ ഉപയോഗിക്കാം.


(a) വളരെ പെട്ടെന്ന്‌ ചെടികള്‍ക്ക്‌ ലഭ്യമാകുന്ന ജൈവവളങ്ങള്‍
ഇവ ആദ്യകാലങ്ങളില്‍ തൈകളുടെ വേരിന്റെയും കാണ്ഡത്തിന്റെയും വളര്‍ച്ചയ്‌ക്കാവശ്യമായ പോഷകങ്ങള്‍ ഉള്ളതും സാന്ദ്രത കൂടിയതും പെട്ടെന്ന്‌ ആഗിരണം ചെയ്യാന്‍ കഴിയുന്ന രൂപത്തിലുള്ളതായിരിക്കണം. മേല്‍ മണ്ണിലാണ്‌ ഇവ കൂടുതലായും ചേര്‍ക്കേണ്ടത്‌. കോഴിവളം, വെര്‍മി കംപോസ്റ്റ്‌, ജൈവാമൃതം, സെറാമീല്‍ എന്നിവ ഇതിനായി ഉപയോഗിക്കാം. എന്നാല്‍ ഈ വളങ്ങള്‍ പെട്ടെന്ന്‌ വിഘടിച്ച്‌ ചൂടു കൂടുമെന്നതിനാല്‍ മണ്ണില്‍ ആവശ്യത്തിന്‌ ജലാംശം ഉറപ്പു വരുത്തണം.

(b) സാവധാനം സസ്യങ്ങള്‍ക്ക്‌ ലഭ്യമാകുന്ന ജൈവവളങ്ങള്‍
സൂക്ഷ്‌മ ജീവികളുടെ പ്രവര്‍ത്തന ഫലമായി സാവധാനം ദ്രവിച്ച്‌ കുറേശ്ശേ പോഷകമൂലകങ്ങള്‍ വിട്ടുകൊടുക്കുന്നവയാണ്‌ ഇത്തരം ജൈവ വളങ്ങള്‍. ആയത്‌ പോഷകധാതുക്കള്‍ പെട്ടെന്ന്‌ വിഘടിച്ച്‌ മണ്ണില്‍ നിന്നും നഷ്‌ടപ്പെടുന്നത്‌ ഒഴിവാകും, ഉണങ്ങിയ ചാണകം, കംപോസ്റ്റ്‌, ഉണങ്ങിയതും ദ്രവിച്ചതുമായ ഇലകള്‍ (litter), ശീമക്കൊന്ന, മരുതി പോലുള്ള പച്ചില വളങ്ങള്‍ തുടങ്ങിയ പ്രാദേശികമായി കുറഞ്ഞ ചെലവ ില്‍ ലഭിക്കുന്നവ ഉപയോഗിക്കാം. ഉണക്ക ഇലകള്‍ ഉപയോഗിക്കുമ്പോള്‍ ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ (allelopathic) ഉണ്ടാക്കുന്ന മരങ്ങളുടെ (Eg. യൂക്കാലി, അക്കേഷ്യ, തേക്ക്‌) ഇലകള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

(c) വളരെ താമസിച്ച്‌ പോഷക ഘടകങ്ങള്‍ വിട്ടുകൊടുക്കുന്ന ജൈവവളങ്ങള്‍
ഈ ജൈവ വസ്‌തുക്കള്‍ പതുക്കെ വിഘടിക്കപ്പെടുന്നവയും ജൈവാശം കൂടുതല്ലുള്ളവയുമായിരിക്കും. ആട്ടിന്‍കാട്ടം, ഉണങ്ങിയ ആനപിണ്‌ഡം എന്നിവ അത്തരത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്നവയാണ്‌.
 

(4) ജൈവവസ്‌തുക്കള്‍ ചീയുമ്പോഴുണ്ടാകുന്ന ഹാനികരമായ രാസവസ്‌തുക്കള്‍ നിര്‍വ്വീര്യമാക്കുന്ന ഘടകങ്ങള്‍

ചകിരിച്ചോറ്‌, ചകിരി, മറ്റ്‌ ജൈവവസ്‌തുക്കള്‍ എന്നിവ വിഘടിക്കുമ്പോഴുണ്ടാകുന്ന ഹാനികരമായ പോളിഫിനോളുകള്‍ വേരുകളുടെ പ്രവര്‍ത്തനങ്ങളെയും അതുവഴി തൈകളുടെ വളര്‍ച്ചയെയും മുരടിപ്പിക്കും. അവ നിര്‍വ്വീര്യമാക്കാന്‍ കാല്‍സ്യം കൂടുതലടങ്ങിയ പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കേണ്ടതുണ്ട്‌. കുമ്മായപ്പൊടി, ചാരം എന്നിവ ഇതിന്‌ നല്ലതാണ്‌. ചകിരി, ചകിരിത്തൊണ്ട്‌, ചകിരിച്ചോറ്‌ എന്നിവയുടെ മുകളില്‍ ഇവ വിതറികൊടുക്കുകയോ ഇവയുമായി കൂട്ടികലത്തുകയോ ചെയ്യാവുന്നതാണ്‌.

ഫോസ്‌ഫേറ്റ്‌ കൂടുതലായുള്ള ചാരം പ്‌ളാന്റിംഗ്‌ ഹോളില്‍ ഇടുന്നത്‌ വേരുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. തൈകള്‍ നട്ടയുടനെ നനക്കുന്ന വെള്ളത്തില്‍ അല്‌പം പഞ്ചസാരയോ എപ്‌സം സാള്‍ട്ടോ ചേര്‍ക്കുന്നത്‌ ട്രാന്‍സ്‌പിരേഷന്‍ മൂലമുള്ള അധിക ജലനഷ്ടം കുറയ്‌ക്കും.
  

(5) മണ്ണിലുണ്ടാകുന്ന കീടങ്ങളെ ചെറുക്കുന്ന ജൈവവസ്‌തുക്കള്‍ ചേര്‍ക്കുക.

ചാണകം, ആട്ടിന്‍കാട്ടം മറ്റ്‌ ജൈവ വളങ്ങള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ആയതില്‍ ചെടികളുടെ വേരു തിന്ന്‌ നശിപ്പിക്കുന്ന വണ്ടുകളുടെ ലാര്‍വകളെയും മുട്ടകളും നശിപ്പിക്കനായി കീടനാശിനിസ്വഭാവമുള്ള വേപ്പിന്‍ പിണ്ണാക്ക്‌, കമ്മ്യൂണിസ്റ്റ്‌ പച്ച, വേപ്പ്‌, കൊങ്ങിണി, കരിനൊച്ചി, ആടലോടകം തുടങ്ങിയ ഇലകള്‍ എന്നിവ മേല്‍മണ്ണില്‍ചേര്‍ക്കാവുന്നതാണ്‌.

(6) ചെടികള്‍ മാറ്റി നടുമ്പോള്‍ ഉണ്ടാകുന്ന ആഘാതം കുറയ്‌ക്കാനായി ഉപയോഗിക്കുന്നവ.

ചെടികള്‍ മാറ്റി നടുമ്പോള്‍ ഉണ്ടാകുന്ന റൂട്ട്‌ ഷോക്ക്‌ കുറക്കുന്നതിനും, ചെടികളില്‍ നിന്നുള്ള ട്രാന്‍സ്‌പിറേഷന്‍ കുറയ്‌ക്കുന്നതിനും വേരുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തു-ന്നതിനുമായി ജൈവപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാവുന്നതാണ്‌. 

ദ്രവിച്ച കയര്‍ പിത്ത്‌, ചെറുനാരുകളടങ്ങിയ കയര്‍പിത്ത്‌, ചകിരി, ചകിരിത്തൊണ്ട്‌ എന്നിവ ചീയുമ്പോള്‍ സസ്യങ്ങളുടെ വളര്‍ച്ചയെ ബാധക്കുന്ന പോളിഫിനോളുകള്‍ ഉണ്ടാവാറുണ്ട്‌. അത്‌ നിര്‍വീര്യമാക്കുന്നതിനായി കുമ്മായം അല്ലെങ്കില്‍ ചാരം ഇട്ടു കൊടുക്കേണ്ടതാണ്‌. മണ്ണിനോട്‌ കൂട്ടി കലര്‍ത്താന്‍ എളുപ്പമല്ലാത്ത വസ്‌തുക്കള്‍, ചകിരിത്തൊണ്ട്‌, ചെതുക്കു പിടിച്ച മരക്കൊമ്പുകള്‍ എന്നിവ കുഴിയുടെ അടിയിലായി അടുക്കി കുമ്മായം വിതറിയശേഷം ദ്രവിച്ച ചകിരി നാരോ മറ്റോ ചേര്‍ത്ത്‌ ഇളക്കിയ മണ്ണ്‌ അതിന്റെ പുറത്തിടുകയാണ്‌ നല്ലത്‌.