Pages

Translate

Search This Blog

Mar 27, 2021

ROOT SHock REASONS

ട്രാന്‍സ്‌പ്ലാന്റിംഗ്‌ ആഘാതം; കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും 


1.ട്രാന്‍സ്‌പിറേഷന്‍  ജലനഷ്‌ടം മൂലമുള്ള ആഘാതം

സസ്യങ്ങള്‍ വലിച്ചെടുക്കുന്ന ജലത്തിന്റെ 95% വും ട്രാന്‍സ്‌പിറേഷന്‍ മൂലമാണ്‌ നഷ്ടപ്പെടുന്നത്‌. വലിച്ചെടുക്കുന്ന ജലത്തിന്റെ 5% മാത്രമേ പ്രകാശ സംശ്‌ളേഷണത്തിനും ശരീര വളര്‍ച്ചയ്‌ക്കും ഉപയോഗിക്കാന്‍ സാധിക്കൂ. ട്രാന്‍സ്‌പിറേഷന്‍ മൂലംനഷ്‌ടപ്പെടുന്ന ജലത്തിന്റെ 95 ശതമാനവും ഇലകളുടെ അടിയിലും മുകളിലുമായി കാണുന്ന അടയ്‌ക്കാനും തുറക്കാനും കഴിയുന്ന അനേകായിരം സൂക്ഷ്‌മ ദ്വാരങ്ങളായ സ്‌റ്റോമേറ്റ (Stomata) കളിലൂടെയാണ്‌. ഈ സ്‌റ്റോമേറ്റകള്‍ സൂര്യ പ്രകാശത്തില്‍ തുറക്കുകയും സൂര്യപ്രകാശം ഇല്ലാത്തപ്പോള്‍ അടഞ്ഞിരിക്കുകയും ചെയ്യും. സ്‌റ്റോമേറ്റകള്‍ തുറന്നിരിക്കുമ്പോള്‍ മാത്രമാണ്‌ ട്രാന്‍സ്‌പിറേഷന്‍ നടക്കുന്നതും അനുബന്ധമായി പ്രകാശ സംശ്‌ളേഷണവും നടക്കുന്നത്‌. വെയിലിന്റെയും കാറ്റിന്റെയും ശക്തിയനുസരിച്ച്‌ ജലനഷ്ടം കൂടിവരികയും അമിതമായ രീതിയില്‍ സസ്യത്തില്‍ നിന്നും ജലനഷ്ടം ഉണ്ടാകുമ്പോള്‍ ഇലകള്‍ വാടിതുടങ്ങുകയും സ്‌റ്റോമേറ്റകള്‍ അടയുകയും ട്രാന്‍സ്‌പിറേഷനും പ്രകാശ സംശ്‌ളേഷണവും നടക്കാതെ വരികയും ചെയ്യും. ശരീരത്തില്‍ നിന്നും അമിതമായി ജലം നഷ്ടപ്പെട്ട്‌ ആന്തരിക മുറിവുകള്‍ ഉണ്ടാകാതിരിക്കാനാണ്‌ ഇത്തരത്തില്‍ സ്‌റ്റോമേറ്റകള്‍ അടയുന്നത്‌.


    വേരിനുണ്ടാകുന്ന ക്ഷതം, പെട്ടിപോകല്‍, മണ്ണിലെ ജലാംശകുറവ്‌, കനത്ത വെയിലും കാറ്റും, അധിക ഇലഭാരം എന്നിവ മൂലം വലിച്ചെടുക്കുന്ന ജലത്തിന്റെ അളവിനേക്കാളും കൂടുതല്‍ ട്രാന്‍സ്‌പിരേഷന്‍ മൂലമുണ്ടാകുന്ന ജലനഷ്ടം വരികയും ആയത്‌ ഇലകളും മൃദു തണ്ടുകളും വാടിതളര്‍ന്ന്‌ പോകുന്നതിനതിനും കാരണമാകും. സസ്യത്തില്‍നിന്നുണ്ടാകുന്ന കൂടുതല്‍ ജലനഷ്ടം തൊലികള്‍ ഉണങ്ങി തണ്ടില്‍നിന്നും വിട്ടുപോകുന്നതിനും തണ്ടുകളിലും വേരുകളിലും ആന്തരികവും ബാഹ്യവുമായ മുറിവുകള്‍ ഉണ്ടാകുകയും ആയതിന്റെ ആഘാതമനുസരിച്ച്‌ വളര്‍ച്ച മുരടിക്കുകയോ തൈകള്‍ കരിഞ്ഞുണങ്ങി നശിച്ചുപോകുകയോ ചെയ്യും.


    ഇലകളും മൃദു തണ്ടുകളും വാടിതൂങ്ങി നില്‍ക്കുന്നതും, ഇലകള്‍ കരിഞ്ഞുണങ്ങിയോ മൂപ്പെത്താതെ പഴുത്തു കൊഴിഞ്ഞ്‌ പോകുന്നതും, മുകുളങ്ങള്‍ കരിഞ്ഞുണങ്ങുന്നതും, തണ്ടിന്റെ മുകള്‍ഭാഗം മാത്രം കരിഞ്ഞുണങ്ങി നില്‍കുന്നതും, അടിഭാഗത്തുനിന്നും പാര്‍ശ മുകുളങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതും ചെടി പൂര്‍ണ്ണമായി നശിച്ചുപോകുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്‌. ആഘാതത്തില്‍ നിന്നും പൂര്‍ണതോതില്‍ മുക്തിനേടുന്നതിന്‌ മുമ്പുതന്നെ വെള്ളക്കെട്ട്‌, ശക്തമായ വേനല്‍, ഫ്രോസ്‌റ്റ്‌ തുടങ്ങിയ പ്രതികൂല സംഭവങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നാല്‍ നാശനിരക്ക്‌ വര്‍ദ്ധിക്കും.


    ആയതിനാല്‍ തൈകള്‍ നടുന്നതിനുമുമ്പും നട്ടതിനുശേഷവും, വേരുകള്‍ ത്വരിതഗതിയില്‍ വളര്‍ന്ന്‌ ട്രാന്‍സ്‌പിരേഷന്‍ മൂലമുണ്ടാകുന്ന ജലനഷ്ടം പരിഹരിക്കാന്‍ തക്ക ശേഷി കൈവരിക്കുന്നത്‌ വരെ ട്രാന്‍സ്‌പിറേഷന്‍ ജലനഷ്‌ടം പരമാവധി കുറയ്‌ക്കാനും ആവശ്യത്തിന്‌ ജലം നല്‍കുകന്നതിനു മുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഇലകള്‍ കൊഴിഞ്ഞ്‌ പോകാതെ പുതുനാമ്പുകള്‍ വരുന്നതാണ്‌ തൈകള്‍ റൂട്ട്‌ ഷോക്ക്‌ വിജയകരമായി തരണം ചെയ്‌ത്‌ വളര്‍ച്ച ആരംഭിച്ചുകഴിഞ്ഞു എന്നതിനുള്ള ലക്ഷണം.


തൈകളില്‍നിന്നും ട്രാന്‍സ്‌പിറേഷന്‍ ജലനഷ്‌ടം മൂലമുണ്ടാകുന്ന റൂട്ട്‌ ഷോക്ക്‌ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍


1. നടുന്നതിന്‌ മുന്‍പ്‌ തൈകള്‍ പരിപാലിക്കുകയും കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  •  വേരുകളുടെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായ വലുപ്പത്തിലുള്ള കൂട്‌ അഥവാ ചെടിച്ചട്ടികളുപയോഗിക്കുക.
  • അനുയോജ്യമായ പോട്ടിംഗ്‌ മീഡിയ ഉപയോഗിക്കുക
  • വേരുകള്‍ക്ക്‌ ക്ഷതമുണ്ടാകാതെയും പൊട്ടിപ്പോകാതെയും തൈകള്‍ കൈകാര്യം ചെയ്യുക. കയര്‍ നാരുകള്‍ക്കൊണ്ടുണ്ടാക്കിയ ചെടിച്ചട്ടികളില്‍ തൈകള്‍ വളര്‍ത്തി അതോടുകൂടിതന്നെ നട്ടുപിടിപ്പിക്കാവുന്നതാണ്‌
  • കൂടകളിലും ചെടിച്ചട്ടികളിലുമുള്ള പോട്ടിംഗ്‌ മിശ്രിതം എപ്പോഴും നനവുള്ളതായിരിക്കണം. അത്‌ ഒരിക്കലും ഉണങ്ങിപ്പോകരുത്‌.
  • ശക്തമായ വെയിലും കാറ്റും മൂലം ഉണ്ടാകുന്ന ബാഷ്‌പീകരണത്തിന്റെയും ട്രാന്‍സ്‌പിറേഷന്റെയും തോതുകുറക്കുന്നതിനായി തൈകള്‍ക്ക്‌ തണല്‍ നല്‍കുക.
  • ഇലഭാരം കൂടുതലെങ്കില്‍ ഇലകള്‍ കുറച്ച്‌ പറിച്ചുകളഞ്ഞോ വലുപ്പം പകുതിയാക്കി മുറിച്ചുമാറ്റിയോ സ്‌റ്റോമേറ്റകളുടെ എണ്ണം കുറച്ച്‌ ട്രാന്‍സ്‌പിറേഷന്‍ തോത്‌ കുറയ്‌ക്കാം

2. തൈകള്‍ വാഹനങ്ങളില്‍ കയറ്റികൊണ്ടുവരുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
    യാത്രയില്‍ കൂടത്തൈകള്‍ കുലുങ്ങിയും മറിഞ്ഞുവീണും മണ്ണിളകി ചെറുവേരുകള്‍ പൊട്ടിപോകാനും തണ്ട്‌ ഒടിഞ്ഞുപോകാനും വെയിലിലും വാഹനചലനം മൂലമുണ്ടാകുന്ന കാറ്റത്തും കൂടുതലായുണ്ടാകുന്ന ബാഷ്‌പീകരണത്തിലും ട്രാന്‍സ്‌പിറേഷനും മൂലം മണ്ണും തൈകളും ഉണങ്ങി വാടിപോകാന്‍ സാധ്യത കൂടുതലാണ്‌. ഇലകളില്‍കൂടിയുള്ള ട്രാന്‍സ്‌പിരേഷന്‍ മൂലമുണ്ടാകുന്ന ജലനഷ്ടം വേരുകള്‍ക്കു നികത്താനാകാതെ വരികയും ആയത്‌ ഇലകളും മൃദു തണ്ടുകളും വാടിതളര്‍ന്ന്‌ പോകുന്നതിനതിനും കാരണമാകും. സസ്യത്തില്‍നിന്നുണ്ടാകുന്ന കൂടുതല്‍ ജലനഷ്ടംതൊലികള്‍ ഉണങ്ങി തണ്ടില്‍നിന്നും വിട്ടുപോകുന്നതിനും തണ്ടുകളിലും വേരുകളിലും ആന്തരികവും ബാഹ്യവുമായ മുറിവുകള്‍ ഉണ്ടാകുകയും ചെയ്യും.യാത്രയില്‍ തന്നെയോ അതിനുശേഷമോ ഇലകളും മൃദു തണ്ടുകളും വാടിതൂങ്ങി നില്‍ക്കുന്നതും ഇലകള്‍ കരിഞ്ഞുണങ്ങി നില്‍ക്കുന്നതും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സ്‌ട്രെസ്സുമൂലമാണ്‌.


    ഈ ആഘാതം മാറാതെ തൈകള്‍ നട്ടുപിടിപ്പിച്ചാല്‍ ഇലകള്‍ മഞ്ഞളിച്ച്‌ മൂപ്പെത്താതെ പഴുത്തു കൊഴിഞ്ഞ്‌ പോകുന്നതിനും, അഗ്രമുകുളങ്ങള്‍ കരിഞ്ഞുണങ്ങി പാര്‍ശ മുകുളങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതിനുംകാരണമാകുകയും ഇത്‌ പുതു നാമ്പുകളുണ്ടായി സ്വഭാവിക വളര്‍ച്ച തുടങ്ങുന്നതിന്‌ കാലതാമസം വരുത്തുമെന്നതിനാല്‍ ടാന്‍സ്‌പോര്‍ട്ടേഷന്‍ സ്‌ട്രെസ്സിന്റെ ആഘാതം കുറക്കുവാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടത്‌ അത്യാവശ്യമാണ്‌.


  • വേരിന്‌ ക്ഷതമുള്ളതും രോഗബാധയുള്ളതും ആരോഗ്യമില്ലാത്തതുമായ തൈകള്‍ ഒഴിവാക്കണം.
  • കൂടകളിലും ചെടിച്ചട്ടികളിലുമുള്ള പോട്ടിംഗ്‌ മിശ്രിതം എപ്പോഴും നനവുള്ളതായിരിക്കണം. അത്‌ ഒരിക്കലും ഉണങ്ങിപ്പോകരുത്‌. വാഹനത്തില്‍ കയറ്റുന്നതിനു മുന്‍പും യാത്രയിലും വാഹനത്തില്‍ നിന്നും ഇറക്കിയ ശേഷവും മണ്ണും ഇലകളും നല്ലതുപോലെ നനയുന്ന രീതിയില്‍ നനച്ചു കൊടുക്കേണ്ടതാണ്‌.
  • ഇലഭാരം കൂടുതലാണെങ്കിലോ വേരുകള്‍ കുറവാണെങ്കിലോ താഴ്‌ഭാഗത്തില്‍ നിന്നും ഇലകള്‍ അടര്‍ത്തിമാറ്റാവുന്നതും മുകള്‍ഭാഗത്തുനിന്നും ഇലകളുടെ മേല്‍പകുതി മുറിച്ചു കളയാവുന്നതുമാണ്‌. ഇത്‌ ട്രാന്‍സ്‌പിറേഷന്‍ മൂലമുള്ള ജലനഷ്ടം ഗണ്യമായി കുറക്കും.
  • തൈകള്‍ വാഹനത്തില്‍ കൊണ്ടുപോകുന്ന വഴിയില്‍ ഉയര്‍ന്ന്‌ പൊങ്ങിയോ മറിഞ്ഞുവീണോ മണ്ണിളക്കം തട്ടി ചെറുവേരുകള്‍ പൊട്ടിപോകാതെയും തണ്ട്‌ ഒടിഞ്ഞുപോകാതെയും തൈകള്‍ അടുപ്പിച്ച്‌ അടുക്കി വെയ്‌ക്കേണ്ടതും മറിഞ്ഞുവീണുപോകാതിരിക്കുവാന്‍ സപ്പോര്‍ട്ട്‌ നല്‍കുകയും വേണം.
  • ശക്തമായ വെയിലും കാറ്റും തൈകളില്‍ അടിക്കാതിരിക്കാത്തവിധം മറനല്‍കിയും വാഹനം പതുക്കെ ഓടിച്ചും മാത്രമേ തൈകള്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ചെയ്യാവൂ. തൈകള്‍ വൈകുന്നേരങ്ങളില്‍ വാഹനങ്ങളില്‍ കടത്തുന്നതായിരിക്കും ഉത്തമം.
  • വാഹനത്തില്‍ കൊണ്ടുവരുന്ന തൈകള്‍ തണലത്ത്‌ ഇറക്കി അടുക്കി വെയ്‌ക്കേണ്ടതും അപ്പോള്‍ തന്നെ നനച്ചു കൊടുക്കേണ്ടതുമാണ്‌. കഠിനമായ വെയിലോ കാറ്റോ അടിയ്‌ക്കാതെ മറ നല്‍കേണ്ടതും മണ്ണ്‌ എപ്പോഴും നനവാര്‍ന്നിരിക്കേണ്ടതുമാണ്‌.


3. തൈകള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • നടുന്ന മണ്ണിന്‌ ജലാംശം പിടിച്ചു നിര്‍ത്താനുള്ള കഴിവുണ്ടായിരിക്കണം.
  • കൂട്‌ അഥവാ ചെടിച്ചട്ടി മാറ്റുന്നതിന്‌ മുന്‍പ്‌ തൈകള്‍ നല്ലതുപോലെ നനച്ചു കൊടുക്കണം, മണ്ണിനിളക്കം തട്ടി വേരുകള്‍ പൊട്ടാതെ ശ്രദ്ധിച്ചുവേണം പ്‌ളിന്റിംഗ്‌ ഹോളില്‍ വയ്‌ക്കുവാന്‍.
  • നട്ട ഉടന്‍തന്നെ തൈകള്‍ നനച്ചു കൊടുക്കേണ്ടതുമാണ്‌.
  • ആവശ്യമെങ്കില്‍ ഇലകള്‍ കുറച്ച്‌ പറിച്ചുകളഞ്ഞോ വലുപ്പം പകുതിയാക്കി മുറിച്ചുമാറ്റിയോ ട്രാന്‍സ്‌പിറേഷന്‍ തോത്‌ കുറയ്‌ക്കാം


4. തൈകള്‍ നട്ടതിനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പുതുതായി നട്ടുപിടിപ്പിക്കുന്ന തൈകള്‍ക്ക്‌ അവയുടെ വേരുകള്‍ വളര്‍ന്ന്‌ ജലാഗിരണം കാര്യക്ഷമമാകുന്നതുവരെ ട്രാന്‍സ്‌പിറേഷന്‍ മൂലമുള്ള അമിത ജലനഷ്ടം ഒഴിവാക്കി ട്രാന്‍സ്‌പ്‌ളാന്റിംഗ്‌ സ്‌ട്രെസ്സ്‌ കുറക്കേണ്ടത്‌ അത്യാവശ്യമാണ്‌. ജലനഷ്ടം നികത്താനായി നടുന്നതിന്‌ മുന്‍പും നട്ടതിനുശേഷവും തൈകളും പ്‌ളാന്റിംഗ്‌ തടവും നല്ലതുപോലെ നനച്ചുകൊടുക്കുക.

 ആവശ്യമെങ്കില്‍ ഇലകളുടെ എണ്ണം കുറച്ചും ഇലകള്‍ പകുതിയായി മുറിച്ചു കളഞ്ഞും ട്രാന്‍സ്‌പിറേഷന്‍ നഷ്‌ടതോത്‌ കുറയ്‌ക്കുക.

 സൂര്യപ്രകാശം കുറച്ച്‌ ട്രാന്‍സ്‌പിറേഷന്‍ തോത്‌ കുറക്കാനായി തണല്‍ നല്‍കുക.